Saturday, November 21, 2015

ഓർമകളുടെ മണിച്ചെപ്പിന്‍റെ നാറ്റം

കാലത്തിന്‍റെ കുത്തൊഴുക്കില്‍ മനുഷ്യന്‍ ഒത്തിരിയേറെ പുരോഗതിയിലേക്ക് സഞ്ചരിച്ചിരിക്കുന്നു. പ്രസ്തുത ഗമനം ആയാസ രഹിതമാക്കുവാന്‍ നന്‍മയുടെ നറുംതേനുമായി 'യൂറേക്കകള്‍' പലതും നാം കണ്ടു. പലതിന്‍റേയും ഗുണഭോക്താക്കളുമായി. അവയെയെല്ലാം തത്കാലം വിസ്മരിക്കുന്നു. പകരം തമസിന്‍റെ വര്‍ത്തമാനങ്ങളിലേയ്ക്ക് മിഴി തുറക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കു മുന്നില്‍, ഗതി മദ്ധ്യേ കണ്ട അമേദ്ധ്യങ്ങളില്‍ ചിലത് ഛര്‍ദ്ദിച്ച്, ഒരു 'കട്ടപ്പൊക' കൂടെ തൂലികയെടുക്കുന്നു.

എനിക്കു മാത്രമിതെന്താ ഇങ്ങനെ? അതോ, അതും ഇനിയെന്‍റെ ധാരണ പിശകോ? എല്ലാവരും ഇങ്ങനെയോ? എല്ലാവര്‍ക്കും ഇങ്ങനെയോ? കാഥികന്‍ തുടങ്ങട്ടെ.

വീണുടഞ്ഞുപോയ പ്രതീക്ഷകളുടെ തീ നാമ്പുകള്‍ ഓര്‍മകളുടെ വേലിയേറ്റത്തില്‍ അനുവാദമില്ലാതെ തീരമണയുമ്പോള്‍, നൊമ്പരപ്പെടുത്തുന്ന ഉള്ളിന്‍റെ പിടച്ചിലുകള്‍ സുഖമല്ല, തീര്‍ച്ചയായും ദുഃഖങ്ങള്‍ തന്നെ. ആ ദുഃസ്വപ്നങ്ങളില്‍ തെളിയുന്ന ഭീകര മുഖങ്ങളില്‍ ചിലത് സ്വത്വത്തിന്‍റേതും കൂടിയാകുമ്പോള്‍, ദുഃഖത്തിന്‍റെ കാഠിന്യം കൂടും.

കുറ്റപ്പെടുത്തലുകള്‍ക്കിവിടെ സ്ഥാനമില്ല. വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്ത-ബന്ധങ്ങളില്ല. മൂല്യങ്ങളോ തത്വസംഹിതകളോ ഇല്ല. വിജയം മാത്രം. ശക്തര്‍ക്കൊപ്പം. ശക്തനും ധീരനുമായിരിക്കാന്‍ ആഗ്രഹമുണ്ട് കഥാനായകന്. പക്ഷെ...

ഓര്‍മകളുടെ മാറാപ്പിലെ ആദ്യ മുഖം മാതൃ സഹോദരന്‍റേതാണ്. അപ്പന്‍റെ സ്ഥാനം. അതു കൊണ്ടു തന്നെ സന്ദേഹമേതുമില്ലാതെ ശൈശവം വിട്ടുമാറാത്ത ഇളം മേനി അമ്മാവനിലെ 'മാമന്' പെട്ടന്ന് കീഴടങ്ങി. അന്നിന്‍റെ വികാരങ്ങളെ അവന് കൃത്യമായി ഓര്‍മിച്ചെടുക്കാനാകുന്നുണ്ടായിരുന്നില്ല. എങ്കിലും ഒരു കാര്യമുറപ്പ്. കഥാന്ത്യത്തിലെ സമ്പാധ്യങ്ങളുടെ ഭാരത്താല്‍ കുനിഞ്ഞിരുന്നു ആ യുവാവിന്റെ ശിരസ്. അവന്‍റെ ആ അവശതയാണിവിടെ ശരിക്കും ആഖ്യാതാവ്.

ആരാണുത്തരവാദി? സഹോദരനെ പഠിക്കാന്‍ മറന്ന അമ്മയോ? അമ്മയേയും ബന്ധു ജനങ്ങളേയും വിശ്വസിച്ച അച്ഛനോ? ആസനത്തിലെ ആല്‍മരത്തണലില്‍ വിശ്രമിച്ച 'മാമ'ന്‍റെ അറിവില്ലായ്മയോ? അജ്ഞതയുടെ ആഴങ്ങളിലേയ്ക്ക് ശ്വശുരനെ വലിച്ചിട്ട ആ മുഖമില്ലാത്തയാളോ? കൊച്ചുകുഞ്ഞിനെ കൗമാരക്കാരനരികിലാക്കി പോയ ബന്ധുക്കളോ? സകല പാപഭാരവും ചുമലേല്‍ക്കേണ്ടിവന്ന ആ ക്ഷീണിത ബാല്യമോ? ഔചിത്യ പൂര്‍വ്വം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ഉന്നം തെറ്റരുതേ.

ഏകാന്ത ശൗചാലയ ഭിത്തികളുടെ ഇരുളുകളില്‍, അരുതായ്മകളിലേയ്ക്ക് പിതൃതുല്ല്യന്‍ ആ പിഞ്ചുകരങ്ങള്‍ നിര്‍ബന്ധിച്ചു പിടിപ്പിച്ചപ്പോഴും, ഉമിനീരിനൊപ്പം, ഉപസ്ഥത്തിന്‍മേലംഗുരങ്ങള്‍ ചേര്‍ത്തുപിടിച്ചുരച്ചപ്പോഴും വഴിഞ്ഞൊഴുകിയത് സ്നേഹമോ? അക്ഷരം പഠിക്കാത്ത കുട്ടിക്കാലത്തിന്‍റെ ഓര്‍മകളുടെ മണിച്ചെപ്പ് എന്തെല്ലാമായിരിക്കും അന്ന് ഗ്രഹിച്ചുവശ്ശായിരിക്കുക?

മ്ലേച്ഛമെന്നാക്ഷേപിച്ച് തെറിപ്പൊങ്കാല നടത്തുന്ന പുതിയ രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് സ്വാഗതം. പക്ഷെ, വെറുമൊരാഖ്യാതാവായ കാഥികനു മമത, പ്രസ്തുത മ്ലേച്ഛതകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട നിര്‍മല ബാല്യങ്ങളുടെ പ്രതിനിധിയോടാകയാല്‍, പ്രതിഷേധങ്ങളേറ്റു വാങ്ങാന്‍ 'ചന്തുവിന്‍റെ ജീവിതം ഇനിയും ബാക്കി' ഉണ്ടാകും.

പശു മനുഷ്യനു മാതാവാകുന്നതിനും മുൻമ്പായിരുന്നു കഥയിലെ ബാല്യമെന്നതിനാല്‍, തൊടിയില്‍ മേയാനായി കെട്ടിയിരുന്ന കാലികള്‍ അത്ഭുത കാഴ്ചകള്‍ ആയിരുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം അവ അറപ്പും വെറുപ്പും കോപകാരണവും ആയിരിക്കുന്നത്രേ, നായക ജീവിതത്തില്‍. വിരോധാഭാസം, അല്ലാതെന്ത്? മാതാവ് കോപകാരണവും അറപ്പുളവാക്കുന്നവളുമെന്ന് മൊഴിഞ്ഞു എന്നാരോപിച്ച്, ശിരസില്‍ സംസ്കാരം ഛര്‍ദ്ദിച്ച് സ്വയംഭോഗം ചെയ്യാമെന്ന് ആരും കരുതണ്ട. ചന്തുവിനെ തോല്‍പ്പിക്കാനാവില്ല.

പശുവിനെ മാറ്റിക്കെട്ടാനുള്ള മുതിര്‍ന്നവരുടെ നിര്‍ദ്ദേശം ശിരസാ വഹിക്കാന്‍ എല്ലാവര്‍ക്കും മുന്നില്‍ കൂട്ടു വിളിക്കപ്പെട്ടപ്പോള്‍, ഒഴിഞ്ഞു മാറാനായി പറഞ്ഞ നിഷ്കളങ്ക ബാല്യത്തിന്റെ കളവുകള്‍ക്ക് ശക്തി പോരായിരുന്നത്രേ! മടിയനായി മുദ്രകുത്തപ്പെട്ടപ്പോളും പക്ഷെ സത്യം തുറന്നു പറയാൻ ധൈര്യമില്ലാതായത് കൗമാരക്കാരന്‍റെ കൗശലം വീണ്ടും വീണ്ടും വിജയത്തിലെത്തിച്ചു. ഒപ്പം ഒരു വ്യക്തിത്വത്തിന്‍റെ അവരോഹണവും. പാഴായ ആ ഒളിച്ചോട്ട ശ്രമങ്ങള്‍ ആ കുരുന്നിന്‍റെ ചതഞ്ഞരഞ്ഞ സ്വത്വത്തിന്‍റെ പിടച്ചിലുകളായിരുന്നില്ലേ?

മാറ്റികെട്ടി തീറ്റിയ ഗോക്കള്‍ക്കൊപ്പം കൂച്ചികെട്ടപ്പെട്ട പിഞ്ചു ബാല്യത്തിന്‍റെ തിരിച്ചറിവുകള്‍ ആരറിയാന്‍? അതിനിവിടെ ആര്‍ക്കു നേരം? തൊടിയുടെ കോണുകളിലെ കൊച്ചു മറവുകളില്‍, അമ്മാവന്‍ പലവുരു തന്‍റെമേല്‍ ഉയർന്നു താഴ്ന്നത് എങ്ങിനെയായിരുന്നാ പൈതല്‍ മനസിലാക്കേണ്ടിയിരുന്നത്? കിളുന്നു തുടകള്‍ക്കിടയില്‍ തുപ്പലിനൊപ്പം അദ്ദേഹം നേടിയത് ഒരു മുന്‍ പരിചയമോ? ഏതു വിധമായിരുന്നു ഒരു കൊച്ചുകുഞ്ഞതിനെ പ്രതിരോധിക്കേണ്ടിയിരുന്നത്? സംരക്ഷകരാകേണ്ടവര്‍ കാര്‍ന്നു തിന്നാല്‍, നീതിക്കു പിന്നെ എവിടെപ്പോകും?

കഥാന്ത്യത്തില്‍ കാഥികനു മുന്നില്‍ 'ഓര്‍മകളുടെ മണിച്ചെപ്പി'നു പകരം 'വലിയൊരു മാറാപ്പു' നിറയെ സമ്പാധ്യമായി അറപ്പ്-വെറുപ്പ്-കുറ്റബോധം-അലസത-ഭയം-പരാജയങ്ങള്‍... (പട്ടിക നീളുന്നു). പകര്‍ന്നു കിട്ടിയ നെറികേടുകള്‍ക്കാരു കണക്കു പറയും?

അച്ചില്‍‍ പകര്‍ന്ന മെഴുകു പോലെ, പുനര്‍രൂപകല്പന ചെയ്യപ്പെട്ട ഈ ബാല്യം കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നാല്‍? തിരുത്താനാവാത്ത അരുതുകളിലേയ്ക്കു പതിച്ചാല്‍?

അത്തരം ചില പിടിക്കപ്പെടാത്ത പരീക്ഷണങ്ങള്‍ പുതിയ പാഠങ്ങൾ രചിക്കും. വേടന്‍റേയും ഇരയുടേയും വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ പഠിച്ച് പുതിയ നടന വൈഭവങ്ങള്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സംസ്കാരം നിപതിച്ചുകൊണ്ടിരിക്കും. മൂല്യച്ച്യുതികള്‍ മൂല്യങ്ങളായി തിരുത്തി എഴുതപ്പെട്ടുകൊണ്ടിരിക്കും. ശരികള്‍ തെറ്റുകളും, തെറ്റുകള്‍ ശരികളുമാകും. ലാഭ-നഷ്ടങ്ങളുടെ ത്രാസ് ആരോട് കൂടുതല്‍ പണം കൈപ്പറ്റും?

ഒരു പക്ഷെ, പിടിക്കപ്പെട്ടാല്‍? ശരി തെറ്റുകള്‍ തിരിച്ചറിയാനാകാതെ ഉണങ്ങി കരിയാനല്ലാതെ ശിക്ഷണങ്ങള്‍ക്കും ജീവിതത്തിനും എന്തര്‍ത്ഥം?

വാഴകൃഷിയിലെ കന്നി വിളവ് സ്വയമാസ്വദിക്കുന്ന ലാഘവത്വമുള്ള പിതാക്കന്‍മാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങളില്‍ കുട്ടികളുണ്ടാകും. ഇംഗിതത്തിനു വഴങ്ങാതെ മകളെ കെട്ടിച്ചയയ്ക്കില്ലെന്ന് വാശി പിടിക്കുന്ന അപ്പന്‍മാരുണ്ടാകും. സഹോദരന്‍റെ കുഞ്ഞിനെ സഹോദരി ഗര്‍ഭം ധരിക്കേണ്ടി വരും. മകന്‍റെ കുഞ്ഞിനെ അമ്മ പ്രസവിക്കും. ഉദരഫലം ആഹരിക്കുന്നവരും കൊന്നു തള്ളുന്നവരും വര്‍ദ്ധിയ്ക്കും. ജനിച്ചു വീണ പിഞ്ചുകുഞ്ഞും കാമാസക്തനു മുന്നില്‍ വലിച്ചു കീറപ്പെടും. ഭീകരത നടനനൃത്തം ചവിട്ടും. മനസാക്ഷിയുള്ളവന് മിഴിതുറക്കുക അസഹ്യമാകും. 'തിന്നു-കുടിച്ച്-ആനന്തിക്കുക' മാത്രമാകും ജീവിതം.

പുരോഗമനത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നപ്പോള്‍, നമുക്കെന്തേ കാഴ്ച മങ്ങുകയാണോ? അരുണ പ്രഭയില്‍ നേത്ര പ്രഭ പുളയുന്നതു പോലെ, കാഴ്ചകളുടെ ആധിക്യത്തില്‍ തിരിച്ചറിവ് നഷ്ടമാകുന്നോ? അതോ വിജൃംഭിച്ച നന്‍മകളുടെ ദുര്‍ഗന്ധം നമ്മെ മോഹിപ്പിക്കുന്നോ? എന്തേ മനുഷ്യാ നമ്മളിങ്ങനെ? ആര് ആരോട് ചോദിക്കും? ആരുത്തരം നല്‍കും? എവിടം വരെ എത്തുമോ എന്തോ?

സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. അനാഥ ബാല്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. സ്വഭവനം പോലും കുഞ്ഞുങ്ങളുടെ കശാപ്പു ശാലകളാകുന്നുണ്ട്. മറക്കാതിരിക്കാം. മിഴികള്‍ അല്പമൊന്ന് തുറന്നിരിക്കാം. സമൂഹത്തിനതിന്‍റെ ആവശ്യമുണ്ട്.

ഏല്‍പിച്ച ദൗത്യം പൂര്‍ത്തീകരിച്ചെന്ന വിശ്വാസത്തില്‍ കാഥികന്‍ വിട പറയുന്നു.