Monday, February 14, 2011

വിടരും മുന്‍പേ കൊഴിഞ്ഞ പൂമോട്ടിനായി...

തൃശൂര്‍ തീവണ്ടി ദുരന്തത്തിനിരയായി സൌമ്യയെന്ന പെണ്‍കുട്ടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു, ഒരുപിടി സ്വപ്നങ്ങള്‍ ദുസ്വപ്നങ്ങളും, ഓര്‍മ്മകള്‍ തീരാ കണ്ണീരുമായി അവശേഷിപ്പിച്ചുകൊണ്ട്. തീ പാറുന്ന ചര്‍ച്ചകള്‍ക്ക് അവളുടെ മരണം ഇടം നല്‍കിയെങ്കിലും, ഇതിലതികവും മാധ്യമങ്ങളില്‍ മാത്രമായിരുന്നില്ലേ? എന്താനിതിനര്‍ത്ഥം??? ... അഭയ, ശാരി, സൌമ്യ,... വിരിയും മുന്‍പേ നുള്ളിക്കളയാന്‍ ഇനിയും നമുക്കു സുമങ്ങള്‍ വേണമെന്നാണോ??? ഒരു പെണ്‍കുട്ടിയ്ക്കുകൂടി (അവള്‍ നമ്മുടെ അമ്മയോ, സഹോദരിയോ, പ്രിയതമയോ, മകളോ ഒക്കെ ആയിക്കൂടാതിരിക്കണമെന്നില്ലല്ലോ) ഈയവസ്ത ഉണ്ടാകാതിരിയ്ക്കാന്‍ നാം എന്തു ചെയ്യണം.

നമ്മുടെ ഒരു പെങ്ങന്‍മാര്‍ക്കും ഇനി ഈ ദുരവസ്ത ഉണ്ടാകാതിരിക്കണമെങ്കില്‍, സ്നേഹിക്കാനും സ്നേഹിക്കുന്നവര്‍ക്കു വേണ്ടി എന്തു ത്യാഗവും ഏറ്റെടുക്കാനും മാത്രം പഠിച്ചതിന്‍റെ പേരില്‍, സ്വയം ബലിയാകേണ്‍ടി വന്ന ഈ പൊന്‍മുത്തിന്‍റെ ജീവനും മാനത്തിനും വേണ്ടിയുള്ള നിലവിളി സ്വന്തം പെങ്ങളുടെ നിലവിളിയായി ഓരൊ പെണ്‍കുട്ടികളേയും കാണുമ്പോള്‍ നമ്മുടെ ചെവികളില്‍ മുഴങ്ങി കേള്‍ക്കേണ്ടിയിരിക്കുന്നു..... ഒരു രാവിനപ്പുറം, കൈ പിടിച്ചു കൊടുക്കേണ്ടവനു മുന്നില്‍, പൊന്നു മോളെ അണിയിച്ചു നിര്‍ത്തുന്ന സ്വപ്നം തകരുന്ന അമ്മയുടെ വിലാപം സ്വന്തം അമ്മയുടെ വിലാപമായി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു..... സ്നേഹമയിയായ സഹോദരിയെ കൂട്ടിക്കൊണ്ടു പോകാനായി വന്ന്, ദുരന്ത വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്കോടെണ്ടി വന്ന സഹോദരന്‍റെ കുതിച്ചുയരുന്ന ഹൃദയ മിടിപ്പ് സ്വന്തം ഹൃദയ മിടിപ്പായി നാം തിരിച്ചറിയേണ്ടതുണ്ട്.....

പ്രത്യേക മുടക്കോ കഴ്ട്ടപ്പാടോ ഇല്ലാതെ ഗോവിന്ദചാമിയെ തെറി വിളിക്കാനും മരണത്തിനു കീഴടങ്ങിയ സൌമ്യയോട് സ്നേഹം കാണിക്കാനും നമുക്കെല്ലാം സാധിക്കും. എന്നാല്‍ ഈ വികാര, വിചാര, വാക്‌ പ്രകടനങ്ങള്‍ക്കൊക്കെ അര്‍ത്ഥമുണ്ടാകണമെങ്കില്‍, അവ കൊണ്ടു സമൂഹത്തിനു എന്തെകിലും നെട്ടമുണ്ടാകണമെങ്കില്‍, ഇനി ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോരുത്തരും സ്വയം പ്രതിജ്ഞ എടുക്കേണ്ടി ഇരിക്കുന്നു. കാരണം, ഞാന്‍ നന്നായാല്‍ ഈ ലോകം അത്രയും നന്നായി എന്നു എല്ലാവരും ചിന്തിച്ചാല്‍ മാത്രമേ നമ്മുടെ നാട് നന്നാകു. ആള്‍ക്കൂട്ടങ്ങളില്‍ തനിച്ചാകേണ്ടി വരുന്ന പെണ്‍കുട്ടികളെ സൌകര്യ പൂര്‍വ്വം ഒന്നിരുത്തി നോക്കുന്നതിനു പകരം, സഹോദരന്‍റെ ഉത്തരവാതിത്വത്തോടെ കാവലിരിക്കാന്‍ എല്ലാ ആണ്‍ കുട്ടികളും (എല്ലാ ആണുങ്ങളും) തയാറായാല്‍ എത്ര നന്നായിരുന്നു.

ഇത് പോലുള്ള അതിക്രമങ്ങള്‍ ഉണ്ടായപ്പോള്‍ ഇതിനു മുന്‍പും പലരും (ഒരുപക്ഷെ നാമും) ഇങ്ങനെ പ്രതികരിച്ചിട്ടുണ്ടാകാം, പക്ഷേ ആ പ്രതികരണങ്ങള്‍ കൊണ്ടു സമൂഹത്തിനു എന്തു നേട്ടമുണ്ടായി??? സൗമ്യയുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കായോ??? തങ്കം കൊണ്ടു പോലും തുലാഭാരം നടത്താന്‍ കഴിയാത്ത വിധം അമൂല്യ സ്വത്തായിരുന്ന അവള്‍ക്ക് പകരം വയ്ക്കാന്‍ ആ മാതാപിതാക്കള്‍ക്ക് നാം എന്തു നല്‍കും??? അതിനാല്‍, വ്യക്തി പരമായി തീരുമാനങ്ങള്‍ എടുക്കാനും, ചങ്കുറപ്പോടെ പ്രതികരിക്കാനും തയ്യാറാകാതെയാണ് ഇപ്പോഴത്തേയും നമ്മുടെ പ്രതികരണങ്ങള്‍ എങ്കില്‍ പഴയത് പോലെ തന്നെ വെള്ളത്തില്‍ വരച്ച വരയ്ക്ക് തുല്യമാകും ഇവയുടേയും ഭാവി. സൌമ്യമാരും ശാരിമാരും തീരാ ദുഖം പേറി നരകിക്കാന്‍ അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും.

ഗോവിന്ദചാമിയെ കുറ്റം വിധിക്കാനും, സൌമ്യയോടുള്ള സ്നേഹവും സഹതാപവും പ്രകടമാക്കാനും ഇന്‍റെര്‍നെറ്റ് കൂട്ടായ്മകളില്‍ നാം പരസ്പരം മത്സരിക്കുമ്പോള്‍, ഇതൊന്നും അറിയാതെ സഹോദരി പോയതിലെ ദുഖത്തില്‍ കഴിയുന്ന ആ സഹോദരനെ ഒരു നിമിഷം നമുക്കോര്‍ക്കാം. ആ സ്ഥാനത്തു സ്വയം ഒന്നു സങ്കല്പിച്ചു നോക്കാം. നാളെ എനിക്കും എന്‍റെ സഹോദരിക്കും ഇത് സംഭവിക്കാതിരിക്കാന്‍ ഇന്നേ നമുക്ക് ഉണരാം. ക്രിസ്തുവിനെയും ഗാന്ധിയും പോലുള്ളവരെ നാം ആദരിക്കുന്നത്, അസ്സാധ്യമെന്നു തോന്നിയ പലതും സാധ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുള്ളത് കൊണ്ടു കൂടിയാണ്. അതിനവര്‍ക്ക് ആധാരശിലയായത് വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടായിരുന്ന സാമ്യം ആയിരുന്നു. ഇന്നത്തെ രാഷ്ട്രീയക്കാര്‍ വെറുക്കപ്പെടുന്നതിന്‍റെ കാരണവും മറ്റൊന്നല്ല, അവരുടെ വാക്‌-പ്രവര്‍ത്തികളിലെ വൈരുധ്യം തന്നെ.

അതിനാല്‍ നാക്കിനെല്ലില്ലാതെ എന്തും വിളിച്ചു പറയാനും സൌകര്യപൂര്‍വ്വം (എല്ലാവരുടെയും ശ്രദ്ധ മാറുമ്പോള്‍) ശര്‍ദ്ധിച്ചത് മുഴുവന്‍ വീണ്ടും വലിച്ചു കേറ്റാനും നാണമില്ലാത്ത രാഷ്ട്രീയക്കാരെ പോലേ നമുക്കെങ്കിലും ആകാതിരിക്കാം. പകരം ഈ പാവം കുട്ടിയുടെ മരണത്തില്‍ തനിക്കുള്ള പങ്കിനേപറ്റി നമുക്കോരോരുത്തര്‍ക്കും ചിന്തിക്കാം. ഇനിയും ഇങ്ങനൊരു പെണ്‍കുട്ടിയുടെ നിലവിളി മണ്ണില്‍ നിന്നുയരാന്‍ പ്രതിയായോ സാക്ഷിയായോ നാം കാരണക്കാരാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

വാക്‌ പയറ്റിന് ഇന്‍റെര്‍നെറ്റില്‍ കാണിക്കുന്ന ചങ്കൂറ്റം പുറത്തേക്കിറങ്ങുമ്പോള്‍ നമുക്ക് കൂടെ കൊണ്ടു പോകാം... സ്ത്രീയെ ദേവിയായി കാണാന്‍ പഠിപ്പിക്കുന്ന ഭാരതീയ സംസ്കാരം വരും തലമുറക്ക്‌ നമുക്ക് പകര്‍ന്നു നല്‍കാം... നമ്മുടെ അമ്മ പെങ്ങന്‍മാരും, മറ്റു പലര്‍ക്കും വഴിയേ പോകുന്ന സ്ത്രീകളാണ് എന്നത് നമുക്കു മറക്കാതിരിക്കാം... സൗമ്യയെ പോലെ ദുരന്തത്തിലേക്ക് തള്ളിയിടപ്പെടുന്ന പാവം കുട്ടികളെ നോക്കി "ഓ അവള്‍ ചത്തു പോകുകയോന്നും ഇല്ലായിരിക്കും" എന്നു പറഞ്ഞു മുഖം തിരിക്കാതിരിക്കാം. നാമൊക്കെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനായി സ്വയം നഷ്ടപ്പെടുത്താന്‍ തയ്യാറായ മഹാത്മാ ഗാന്ധിയേ പോലുള്ളവര്‍ ജനിച്ച ഭാരത മണ്ണില്‍ തങ്ങള്‍ സുരക്ഷിതാരാണ് എന്ന തിരിച്ചറിവ് നമ്മുടെ സഹോദരിമാര്‍ക്ക് നമുക്കുണ്ടാക്കി കൊടുക്കാം.

പ്രിയ സോദരി സൌമ്യെ അവസാനമായി നിന്നോട് ഒരു വാക്ക്,
ഏതെങ്കിലും ലോകത്തിരുന്നു നീ ഞങളുടെ വാക്‌-വികാര പ്രകടനങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍, നിനക്കു നഷ്ട്ടപെടാനുണ്ടായിരുന്നതില്‍ ഒന്നു പോലും അവശേഷിപ്പിക്കാതെ തകര്‍ത്ത ഞങ്ങള്‍ക്ക് മാപ്പിന് പോലും അര്‍ഹത ഇല്ല എന്നറിയാം. എങ്കിലും, ഇനി ഞാന്‍ കാരണം ഒരു പെണ്ണും ഈ ലോകത്ത് നിന്നേപ്പോലെ നിലവിളിക്കേണ്ടി വരില്ലാ എന്ന ഉറപ്പോടെ, മാപ്പ്... മാപ്പ്... മാപ്പ്...